Movie prime

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: മന്ത്രി

സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ സുരക്ഷയും അന്തസും ഉറപ്പുവരുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും അത് ശക്തമായി തുടരുമെന്നും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. സ്ത്രീതൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുകയും തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ തടയുകയും ചെയ്യുന്നതു സംബന്ധിച്ച നിയമവ്യവസ്ഥകൾ സംസ്ഥാന സർക്കാർ ദുർബലപ്പെടുത്തുന്നു എന്ന തരത്തിലുള്ള പ്രചാരണം തീർത്തും അടിസ്ഥാനരഹിതവും തൊഴിലാളികൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്, മന്ത്രി പറഞ്ഞു. തൊഴിലിടങ്ങൾ സ്ത്രീസൗഹൃദമാക്കുന്നതിനും സ്ത്രീ തൊഴിലാളികളുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്നതിനും ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് ശക്തമായ നടപടികളാണ് More
 
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: മന്ത്രി

സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ സുരക്ഷയും അന്തസും ഉറപ്പുവരുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും അത് ശക്തമായി തുടരുമെന്നും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി

ടി.പി. രാമകൃഷ്ണൻ. സ്ത്രീതൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുകയും തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ തടയുകയും ചെയ്യുന്നതു സംബന്ധിച്ച നിയമവ്യവസ്ഥകൾ സംസ്ഥാന സർക്കാർ ദുർബലപ്പെടുത്തുന്നു എന്ന തരത്തിലുള്ള പ്രചാരണം തീർത്തും അടിസ്ഥാനരഹിതവും തൊഴിലാളികൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്, മന്ത്രി പറഞ്ഞു.

തൊഴിലിടങ്ങൾ സ്ത്രീസൗഹൃദമാക്കുന്നതിനും സ്ത്രീ തൊഴിലാളികളുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്നതിനും ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. തൊഴിലിടങ്ങളിൽ ഇരിപ്പിടം അവകാശമാക്കിയ ഏക സംസ്ഥാനമാണ് കേരളം. സ്ത്രീ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തി അഞ്ചു പേരെങ്കിലും അടങ്ങുന്ന ഗ്രൂപ്പുകളായി രാത്രിയിലും ജോലിക്ക് നിയോഗിക്കാനുള്ള നിയമഭേദഗതിയും ഈ ഗവൺമെന്റ് കൊണ്ടുവന്നു. സുരക്ഷിതമായ താമസസൗകര്യം, യാത്രാസൗകര്യം തുടങ്ങിയവ ഉറപ്പുവരുത്താനും ഈ നിയമപ്രകാരം തൊഴിലുടമകൾക്ക് ഉത്തരവാദിത്തമുണ്ട്.

അൺഎയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപികമാരടക്കമുള്ള ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള വിപ്ലവകരമായ തീരുമാനവും ഈ ഗവൺമെന്റ് കൈക്കൊണ്ടു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം അൺഎയ്ഡഡ് വിദ്യാഭ്യാസമേഖലയിൽ പ്രസവാവധി ആനുകൂല്യങ്ങൾ ബാധകമാക്കുന്നത്.

ഇതരസംസ്ഥാന തൊഴിലാളികൾക്കായി നടപ്പാക്കിയ ആവാസ് പദ്ധതിയിൽ പ്രസവസംബന്ധമായ ചികിത്സ ഉൾപ്പെടുത്തിയതും ഈ ഗവൺമെന്റ് വനിതാക്ഷേമത്തിനായി സ്വീകരിക്കുന്ന നടപടികളുടെ മറ്റൊരുദാഹരണമാണ്. 25,000 രൂപവരെയുള്ള സൗജന്യചികിത്സയാണ് ആവാസ് വഴി നൽകുന്നത്. ചുമട്ട് മേഖലയിലെ സ്ത്രീ തൊഴിലാളികളെക്കൊണ്ട് 35 കിലോഗ്രാമിൽ കൂടുതൽ ഭാരം എടുപ്പിക്കാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്തുകൊണ്ട് കേരള ഹെഡ്‌ലോഡ് വർക്കേഴ്‌സ് ആക്ടിൽ ഭേദഗതി വരുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പ്രധാന നഗരങ്ങളിലെ സ്ത്രീ തൊഴിലാളികൾക്കും വനിതാ ജീവനക്കാർക്കും സുരക്ഷിതവും ചെലവു കുറഞ്ഞതുമായ താമസസൗകര്യം നൽകുന്നതിന് സ്റ്റുഡിയോ അപ്പാർട്ടുമെന്റുകൾ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്, അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

കേന്ദ്രസർക്കാർ പാസാക്കിയ 2013ലെ ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം(തടയലും, നിരോധനവും, പരിഹാരവും)നിയമം തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിക്രമങ്ങൾ സംഭവിക്കാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികൾ, ഉണ്ടായാൽ കൈകാര്യം ചെയ്യേണ്ട രീതി തുടങ്ങിയ കാര്യങ്ങൾ 2013ലെ നിയമം വ്യക്തമാക്കുന്നുണ്ട്.

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയുന്നതുമായി ബന്ധപ്പെട്ട കേന്ദ്രനിയമം പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ അതേ വിഷയത്തിലുള്ള സംസ്ഥാന നിയമത്തിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കേണ്ടതായി വന്നിട്ടുണ്ട്്. 2018ലെ കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്(ഭേദഗതി)കരട് ചട്ടം ഭേദഗതി ചെയ്യണമെന്ന അഭിപ്രായം വകുപ്പ് തലത്തിൽ ഉയർന്നുവന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇതു സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള പ്രാഥമിക വിജ്ഞാപനം പരിശോധനകൾക്കും മാറ്റത്തിനും വിധേയമാണ്.

ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അന്തിമതീരുമാനം ഉണ്ടായിട്ടില്ല. പ്രാഥമിക വിജ്ഞാപനത്തിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും പൂർണമായും പരിഗണിച്ചുമാത്രമേ സർക്കാർ അന്തിമതീരുമാനം കൈക്കൊള്ളുകയുള്ളൂ എന്ന് വ്യക്തമാക്കുന്നു.

സ്ത്രീകളുടെ സുരക്ഷയും അന്തസും ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകൾ സർക്കാർ ദുർബലപ്പെടുത്തിയെന്ന പ്രചാരവേല അടിസ്ഥാനരഹിതമാണ്. മറിച്ച്, നിയമലംഘകർക്കുള്ള പിഴശിക്ഷ 2,500 രൂപയിൽ നിന്ന് അമ്പതിനായിരം രൂപയായി വർധിപ്പിക്കുന്നതടക്കമുള്ള നിർദ്ദേശങ്ങൾ കരട് വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുമുണ്ട്.

സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന ഒരു പ്രവൃത്തിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ അനുവദിക്കില്ല. തൊഴിലിടങ്ങളിൽ സ്ത്രീകൾ അതിക്രമങ്ങൾക്കും ചൂഷണത്തിനും ഇരയാകുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ കർശന നടപടി കൈക്കൊള്ളുമെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നു, അദ്ദേഹം പറഞ്ഞു.