Movie prime

ആ ഉപ്പുമാവോളം വരുമോ ബിരിയാണീം കുഴിമന്തീം…?

ഉച്ചവരെയേ ക്ളാസുള്ളൂ അമ്പലവട്ടം എൽ പി സ്കൂളിൽ. അവസാന പീരിയഡ് വലിയൊരു പരീക്ഷണ ഘട്ടമാണ്. സ്കൂൾ കോമ്പൗണ്ടിലെ അടുക്കളയിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണമായ ഉപ്പുമാവ് വെന്തു പാകമാകുന്ന സമയം. പ്രലോഭനീയമായിരുന്നു ആ പാകപ്പെടലിന്റെ സുഗന്ധം. പച്ച പൊടുവണ്ണി ഇലകൊണ്ടുള്ള കുമ്പിളിൽ സഹപാഠികൾ ഉപ്പുമാവ് വാങ്ങി ആസ്വദിച്ച് കഴിക്കുന്നത് കൊതിയോടെ നോക്കി നിൽക്കും ചേച്ചിയും അനുജനും. സ്കൂളിലെ ഉപ്പുമാവ് കഴിക്കാൻ യോഗമില്ലല്ലോ അവർക്ക് . ഉച്ചക്ക് വീട്ടിൽ വന്നു ഊണ് കഴിച്ചാൽ മതി എന്നാണ് വീട്ടുകാരുടെ കർശന നിബന്ധന. എന്നിട്ടും More
 
ആ ഉപ്പുമാവോളം വരുമോ  ബിരിയാണീം കുഴിമന്തീം…?

ഉച്ചവരെയേ ക്ളാസുള്ളൂ അമ്പലവട്ടം എൽ പി സ്‌കൂളിൽ. അവസാന പീരിയഡ് വലിയൊരു പരീക്ഷണ ഘട്ടമാണ്. സ്‌കൂൾ കോമ്പൗണ്ടിലെ അടുക്കളയിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണമായ ഉപ്പുമാവ് വെന്തു പാകമാകുന്ന സമയം. പ്രലോഭനീയമായിരുന്നു ആ പാകപ്പെടലിന്റെ സുഗന്ധം. പച്ച പൊടുവണ്ണി ഇലകൊണ്ടുള്ള കുമ്പിളിൽ സഹപാഠികൾ ഉപ്പുമാവ് വാങ്ങി ആസ്വദിച്ച് കഴിക്കുന്നത് കൊതിയോടെ നോക്കി നിൽക്കും ചേച്ചിയും അനുജനും. സ്‌കൂളിലെ ഉപ്പുമാവ് കഴിക്കാൻ യോഗമില്ലല്ലോ അവർക്ക് . ഉച്ചക്ക് വീട്ടിൽ വന്നു ഊണ് കഴിച്ചാൽ മതി എന്നാണ് വീട്ടുകാരുടെ കർശന നിബന്ധന. എന്നിട്ടും ഇടയ്ക്കിടെ രഹസ്യമായി ഉപ്പുമാവ് ശേഖരിച്ചു അവർ. വീട്ടിലേക്ക് മടങ്ങിപ്പോകും വഴി റോഡരികിലെ മതിലിലുള്ള പൊത്തിൽ അത് ഒളിച്ചുവെച്ചു- വൈകുന്നേരം വീണ്ടും ചെന്നെടുത്തു ആരുടേയും കണ്ണിൽപ്പെടാതെ അകത്താക്കാൻ. ഒളിച്ചുകഴിക്കുന്ന ആ ഉപ്പുമാവിന്റെ സ്വാദ് ഒരു ബിരിയാണിക്കും കുഴിമന്തിക്കും പകർന്നു തരാനായിട്ടില്ലെന്ന് സമ്മതിക്കും ചേച്ചിയും അനുജനും.

ഗൃഹാതുര സ്മരണകൾ അയവിറക്കി രവിമേനോന്റെ ഫേസ് ബുക്ക് പോസ്റ്റ്.

മുൻബെഞ്ചിൽ ഇരുന്ന് വാവിട്ടു കരയുന്ന കുട്ടിയെ നോക്കി ഒന്നാം ക്‌ളാസിലെ ചിന്ന ടീച്ചർ ചോദിച്ചു:“ന്താടോ കരഞ്ഞു പെര പൊളിക്കാൻ മാത്രം ഇബടെന്താ പ്പോ ണ്ടായത് ? വെശക്കണുണ്ടോ നിനക്ക് ?”

ഇല്ലെന്ന് തലയാട്ടി കുട്ടി. എന്നിട്ട് കരച്ചിലിനിടയിലൂടെ വിക്കി വിക്കി പറഞ്ഞു: “പാറേട്ത്തി പോയി. നിക്ക് പാറേട്ത്തീനെ കാണണം. ഇപ്പ കാണണം..”

വീണ്ടും കരച്ചിൽ. മൂക്ക് പിഴിയൽ. “ പാറേട്ത്തിയോ? അതേതാ ഏടത്തി? ഇബടെ പാറേടത്തീം കൂറേടത്തീം ഒന്നും ഇല്ല്യ.” — സംശയലേശമന്യേ ടീച്ചർ.

കുട്ടിയുണ്ടോ അടങ്ങുന്നു? പ്രിയപ്പെട്ട പാറേടത്തീടെ കൈപിടിച്ചാണല്ലോ കുറച്ചു നേരം മുൻപ് അവൻ സ്‌കൂളിന്റെ പടികടന്നു വന്നതും ഒന്നാം ക്‌ളാസിലെ മുൻബെഞ്ചിൽ വന്നിരുന്നതും. ബാലവാടിക്കാലം കഴിഞ്ഞ് എൽ പി സ്‌കൂളിലേക്കുള്ള ആദ്യ വരവാണ്. അനുജനെ ഒന്നാം ക്‌ളാസിൽ കൊണ്ടിരുത്തിയ ശേഷം ഒന്നും പറയാതെ മുങ്ങിക്കളയുകയായിരുന്നു നാലാം ക്‌ളാസുകാരിയായ ചേച്ചി. പിന്നെ ആളുടെ പൊടിപോലുമില്ല എങ്ങും. ചുറ്റും അപരിചിത മുഖങ്ങൾ മാത്രം. ബഹളമയമായ അന്തരീക്ഷവും. എങ്ങനെ ബേജാറാകാതിരിക്കും?

“ഇബടെ എവിടെങ്കിലും ഇവന്റെ പാറേട്ത്തി ണ്ടോ? ഇണ്ടെങ്കിൽ ഒന്നിങ്ങട്ട് എഴുന്നള്ളിയാട്ടെ..” പരമ്പ് കെട്ടി മറച്ച ഹാളിലെ നാല് ക്ലാസുകളിലും തട്ടി പ്രതിധ്വനിക്കത്തക്ക വിധം ഉറച്ച ശബ്ദത്തിൽ ചിന്ന ടീച്ചർ വിളിച്ചുപറഞ്ഞു. സ്വിച്ചിട്ട പോലെ ഹാൾ നിശബ്ദമാകുന്നു ഒരു നിമിഷം. മൗനം ഭഞ്ജിച്ചുകൊണ്ട് രണ്ടാം ക്‌ളാസിൽ നിന്ന് മൂസ മാഷിന്റെ ഘന ഗംഭീര ശബ്ദം: “ഇബടെങ്ങാനും ണ്ടോ ആ പറഞ്ഞ താത്തകുട്ടി? ഉണ്ടെങ്കിൽ ഒന്ന് വേഗം എണീറ്റ് വാ..” ആരും എഴുന്നേറ്റതായി തോന്നിയില്ല. “ഓൻ ബെർതെ പറഞ്ഞതാവും..”- മൂസ മാഷ്.

നിമിഷങ്ങൾക്കകം നാലാം ക്ലാസിൽ നിന്ന് ഒരു ഫ്രോക്കുകാരി തിടുക്കത്തിൽ ഓടിവരുന്നു; ചിന്ന ടീച്ചറുടെ മുന്നിൽ സങ്കോചത്തോടെ നഖം കടിച്ചു നിൽക്കുന്നു. പെൺകുട്ടിയെ കണ്ടതും ഇരുന്ന ഇരിപ്പിൽ നിന്ന് ചാടിയെണീറ്റ് അടുത്തു ചെന്ന് ചിണുങ്ങി നിന്നു കരച്ചിലുകാരൻ കുട്ടി. “ഓ അപ്പൊ ഇതാണ് നെന്റെ പാറേട്ത്തി. അല്ലേ? മിടുക്കൻ.”– ചിന്ന ടീച്ചറുടെ മുഖത്തെ പരുഷ ഭാവം മനോഹരമായ ഒരു പുഞ്ചിരിക്ക് വഴിമാറുന്നു.

“തല്ക്കാലം പാറേട്ത്തി ഈ ചെക്കനെ ഒപ്പം കൊണ്ടിരുത്തിക്കോ. ഇല്ലെങ്കിൽ ഇവൻ കരഞ്ഞു ഇവിടെ അട്ടം പൊളിക്കും. ചെക്കന്റെ കരച്ചിൽ മാറീട്ട് ഇബടെ കൊണ്ട് വിട്ടാൽ മതി.” മനസ്സില്ലാമനസ്സോടെ ആണെങ്കിലും തലയാട്ടുന്നു ചേച്ചി. ആശ്വാസത്തോടെ കുട്ടി ചേച്ചിക്കൊപ്പം നാലാം ക്‌ളാസിലേക്ക്. “സ്ഥിരമായിട്ട് അവിടെ ഇരിക്കാൻ പറ്റില്യ ട്ടോ. നാളെ തന്നെ അനുജനെ ഓന്റെ ക്‌ളാസിൽ കൊണ്ടിരുത്തണം. ഇല്ലെങ്കിൽ ചേച്ചിയും ഒന്നാം ക്ലാസിൽ ഇരിക്കണ്ടി വരും…”– പോകുന്ന വഴിക്ക് മൂസ മാഷിന്റെ മുന്നറിയിപ്പ്.

ആ ഉപ്പുമാവോളം വരുമോ  ബിരിയാണീം കുഴിമന്തീം…?
പിറ്റേന്നും അതിന്റെ പിറ്റേന്നും സ്വന്തം ബെഞ്ചിലേക്ക് തിരിച്ചുവന്നില്ല അവൻ. ഒരാഴ്ചയോളം ഇരുന്നത് ലക്ഷ്മിക്കുട്ടി ടീച്ചറുടെ നാലാം ക്‌ളാസിലെ ബെഞ്ചിൽ ചേച്ചിയോട് ഒട്ടിത്തന്നെ. ഒടുവിൽ സഹികെട്ട് ചേച്ചി തന്നെ നിർബന്ധിച്ചു ഒന്നാം ക്‌ളാസിൽ കൊണ്ടിരുത്തുന്നു അനുജനെ. “ഇങ്ങനെണ്ടോ ഒരു ചേച്ചി പ്രാന്ത്. ഇനി ഇബനെങ്ങാനും ഈ സീറ്റിന്ന് എണീറ്റ് പോയാൽ ഏട്ത്തിക്കാവും ചുട്ട അടി.” — ചിന്ന ടീച്ചറുടെ അന്ത്യശാസനം കേട്ട് ഒന്നും മിണ്ടാതെ നിലത്തുനോക്കി നിന്നു ചേച്ചിയും അനുജനും. പിന്നെ ഒരിക്കലും ചേച്ചിയെ തിരഞ്ഞു നാലാം ക്‌ളാസിൽ പോയില്ല അനുജൻ. ചേച്ചിക്ക് അടി കൊള്ളുന്നത് സഹിക്കാനാവില്ലല്ലോ അവന്.

ഉച്ചവരെയേ ക്ളാസുള്ളൂ അമ്പലവട്ടം എൽ പി സ്‌കൂളിൽ. അവസാന പീരിയഡ് വലിയൊരു പരീക്ഷണ ഘട്ടമാണ്. സ്‌കൂൾ കോമ്പൗണ്ടിലെ അടുക്കളയിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണമായ ഉപ്പുമാവ് വെന്തു പാകമാകുന്ന സമയം. പ്രലോഭനീയമായിരുന്നു ആ പാകപ്പെടലിന്റെ സുഗന്ധം. പച്ച പൊടുവണ്ണി ഇലകൊണ്ടുള്ള കുമ്പിളിൽ സഹപാഠികൾ ഉപ്പുമാവ് വാങ്ങി ആസ്വദിച്ച് കഴിക്കുന്നത് കൊതിയോടെ നോക്കി നിൽക്കും ചേച്ചിയും അനുജനും. സ്‌കൂളിലെ ഉപ്പുമാവ് കഴിക്കാൻ യോഗമില്ലല്ലോ അവർക്ക് . ഉച്ചക്ക് വീട്ടിൽ വന്നു ഊണ് കഴിച്ചാൽ മതി എന്നാണ് വീട്ടുകാരുടെ കർശന നിബന്ധന. എന്നിട്ടും ഇടയ്ക്കിടെ രഹസ്യമായി ഉപ്പുമാവ് ശേഖരിച്ചു അവർ. വീട്ടിലേക്ക് മടങ്ങിപ്പോകും വഴി റോഡരികിലെ മതിലിലുള്ള പൊത്തിൽ അത് ഒളിച്ചുവെച്ചു– വൈകുന്നേരം വീണ്ടും ചെന്നെടുത്തു ആരുടേയും കണ്ണിൽപ്പെടാതെ അകത്താക്കാൻ. ഒളിച്ചുകഴിക്കുന്ന ആ ഉപ്പുമാവിന്റെ സ്വാദ് ഒരു ബിരിയാണിക്കും കുഴിമന്തിക്കും പകർന്നു തരാനായിട്ടില്ലെന്ന് സമ്മതിക്കും ചേച്ചിയും അനുജനും.

അതൊരു കാലം. അധികം താമസിയാതെ ചേച്ചി നാഴികകൾ അകലെയുള്ള ഹൈസ്‌കൂളിലേക്ക് യാത്രയായി. അനിയൻ അച്ഛന്റെ ജോലിസ്ഥലമായ വയനാട്ടിലേക്കും. പഠിപ്പിനൊപ്പം കളിയിലും മിന്നിയ ചേച്ചി പിൽക്കാലത്ത് അറിയപ്പെടുന്ന ക്രിക്കറ്റ് കളിക്കാരിയായി; കേരള ടീമിലെ പാർവതി മേനോൻ എന്ന താരമായി. കളിച്ചില്ലെങ്കിലും അനുജൻ കളിയെക്കുറിച്ചെഴുതി ജീവിച്ചുപോന്നു. അതുകഴിഞ്ഞു പാട്ടിനെക്കുറിച്ചും. രണ്ടു വഴികളിലൂടെയായി ഇരുവരുടെയും പിന്നീടുള്ള യാത്രകൾ. കണ്ടുമുട്ടലുകൾ അപൂർവ്വമായി. എങ്കിലും ഒരു ഫോൺ വിളിക്കപ്പുറത്ത് എപ്പോഴുമുണ്ടായിരുന്നു പ്രിയപ്പെട്ട പാറേട്ത്തി. ഇന്നുമുണ്ട് — പഴയ അതേ സ്നേഹത്തോടെ; കരുതലോടെ.

ഇക്കഴിഞ്ഞ ദിവസം തറവാട്ടു വീട്ടിൽ വെച്ച് വീണ്ടും കണ്ടുമുട്ടി ചേച്ചിയും അനുജനും. ചേച്ചിയുടെ പിറന്നാളായിരുന്നു അന്ന്. “ഈ പിറന്നാൾ പൂർണ്ണമാകണമെങ്കിൽ അമ്പലവട്ടം സ്‌കൂളിലെ ഉപ്പുമാവ് കൂടി വേണം; അല്ലേ പാറേട്ത്തീ ?”– അനുജൻ ചോദിച്ചു. കണ്ണ് നിറയുവോളം ചിരിച്ചു ചേച്ചി. എന്നിട്ട് പറഞ്ഞു: “അതിന്റെ സ്വാദ് ഇതാ ഇപ്പഴും നാവിലുണ്ടല്ലോ.അതൊന്നും ഒരിക്കലും പോവില്ല. മരിച്ചാലും….”

ശരിയാണ്. നമ്മളെയൊക്കെ പ്രതീക്ഷയോടെ ജീവിപ്പിക്കുന്നത് തന്നെ അത്തരം കൊച്ചുകൊച്ചു സ്വാദോർമ്മകളല്ലേ?